കായംകുളം: പട്ടണത്തെ രണ്ടായി മുറിക്കുന്ന ദേശീയപാത നിർമാണ വിഷയം പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ശ്രദ്ധയിൽപ്പെടുത്തി. കഴിഞ്ഞദിവസം ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് വിഷയം ചർച്ചയായത്. അടിയന്തര പരിഹാരം ഉണ്ടാകണമെന്നും നിലവിലെ പ്രതിസന്ധി മറികടക്കുന്നതിന് മേൽപ്പാലം നിർമിക്കണമെന്നും ആവശ്യപ്പെട്ടുള്ള മുസ്ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നിവേദനം മന്ത്രി പി.കെ. ബഷീർ കേന്ദ്രമന്ത്രിക്ക് കൈമാറി.
കൊറ്റുകുളങ്ങര-കൊല്ലം റീച്ചിൽ നിർമിക്കുന്ന പാതയുടെ നിർമാണം കായംകുളം പട്ടണത്തെ രണ്ടായി വിഭജിക്കുന്നുവെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പൂർണമായും തടസപ്പെടുമെന്നതിനാൽ റോഡിന്റെ കിഴക്കും പടിഞ്ഞാറും വശങ്ങളിൽ തിങ്ങിപ്പാർക്കുന്ന രണ്ടു ലക്ഷത്തോളം ജനങ്ങൾ വലിയ ആശങ്കയിലാണ്. കോട്ടകെട്ടിയുള്ള ശാസ്ത്രീയമല്ലാത്ത നിർമാണം ഒഴിവാക്കപ്പെടേണ്ടതാണ്.
ജനങ്ങൾ നിത്യജീവിതത്തിൽ ആശ്രയിക്കുന്ന വിവിധ സർക്കാർ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, റെയിൽവേ സ്റ്റേഷൻ, ഫയർ സ്റ്റേഷൻ ഉൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങൾ പട്ടണത്തിന്റെ ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്നതിനാൽ പാത നിർമാണം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഹരിപ്പാട് പട്ടണത്തിൽ 3000 മീറ്ററും കരുനാഗപ്പള്ളിയിൽ 2000 മീറ്ററും മേൽപ്പാലം നിർമിക്കുന്നുണ്ടെങ്കിലും കായംകുളത്തെ മാത്രം അവഗണിച്ചു. കേന്ദ്രസർക്കാരിന്റെ പരിഗണനയിലുള്ള തുറമുഖ പദ്ധതി കൊച്ചി പോർട്ടും തമ്മിൽ ബന്ധിപ്പിക്കുന്ന വികസന പദ്ധതികൾ നടപ്പാക്കുന്ന കായംകുളം-പുനലൂർ പാതയുടെ കണക്ടിവിറ്റിയും ദേശീയപാതയിൽ കായംകുളം ടൗണിൽ ആയതിനാൽ ഇവിടെ മേൽപ്പാലത്തിന്റെ അനിവാര്യമായ സാഹചര്യവും മന്ത്രി പി.കെ. ബഷീർ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം. നസീർ, ജനറൽ സെക്രട്ടറി എച്ച്. ബഷീർകുട്ടി, നിയോജകമണ്ഡലം പ്രസിഡന്റ് എ. ഇർഷാദ്, ജനറൽ സെക്രട്ടറി സിയാദ് വലിയവീട്ടിൽ എന്നിവർ ചേർന്ന് മന്ത്രി ബഷീറിന് സമർപ്പിച്ച നിവേദനമാണ് കേന്ദ്രമന്ത്രിക്ക് കൈമാറിയത്. വിഷയത്തിൽ കെ.സി. വേണുഗോപാൽ എംപിക്കും മന്ത്രി എം. ലിജുവിനും നിവേദനം നൽകിയിട്ടുണ്ട്.
ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്രമന്ത്രിയെ കാണുമെന്നും വിഷയം ഉന്നയിക്കുമെന്നും മന്ത്രി എം. ലിജു ലീഗ് നേതാക്കളെ അറിയിച്ചു.